Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : YoungMan

സുഹൃത്തുക്കൾക്കൊപ്പം മീൻ പിടിക്കാൻ പോയ യുവാവ് മരിച്ച നിലയിൽ

കൊല്ലം: സുഹൃത്തുക്കൾക്കൊപ്പം മീൻ പിടിക്കാൻ പോയ യുവാവിനെ ആറ്റുതീരത്തെ ഉപയോഗശൂന്യമായ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ശാസ്താംകോട്ട പനപ്പെട്ടി കിഴക്ക് അജിത്ത് ഭവനിൽ യശോധരന്‍റെയും ശ്യാമളയുടെയും മകൻ അജിത്ത് (22) ആണ് മരിച്ചത്. 

ശനിയാഴ്ച ഉച്ചയ്ക്കുശേഷം അഗ്നിരക്ഷാ സേനയും പോലീസും എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സമീപവാസികളും സുഹൃത്തുക്കളുമായ സൂര്യജിത്ത്, ശ്യാം, ഷൈജു എന്നിവർക്കൊപ്പം അജിത്ത് അന്തമണിൽ കല്ലടയാറ്റിന്‍റെ തീരത്തെത്തിയത്.

ഇവിടെ ശുദ്ധജലവിതരണ പദ്ധതിക്ക് വേണ്ടി നിർമിച്ച ഉപയോഗശൂന്യമായ കിണറിന് സമീപത്തുനിന്ന് മറ്റുള്ളവർ ചൂണ്ടയിടുന്നതിനിടയിൽ അജിത്ത് ഫോണിൽ സംസാരിച്ചു നടക്കുകയായിരുന്നു എന്ന് സുഹൃത്തുക്കൾ പോലീസിൽ മൊഴി നൽകി. കുറച്ചു കഴിഞ്ഞപ്പോൾ വെള്ളത്തിൽ എന്തോ വീഴുന്ന ശബ്ദം കേട്ടു. ഇതിനുശേഷം അജിത്തിനെ കണ്ടില്ലെന്നും പറയുന്നു.

തെരഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ സ്ഥലത്തുനിന്നു പോകുകയും വിവരം മറ്റുള്ളവരെ അറിയിക്കാതിരിക്കുകയും ചെയ്തു. രാത്രിയായിട്ടും അജിത്ത് തിരികെ വീട്ടിൽ എത്താത്തതിനാൽ അമ്മ ശാസ്താംകോട്ട പോലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അജിത്ത് കിണറ്റിൽ വീണതാകാം എന്ന് സൂചന കിട്ടിയതും അതിനെത്തുടർന്ന് തെരച്ചിൽ നടത്തിയതും.

Latest News

Corehub Up